ദൈവരാജ്യ ശുശ്രൂഷകൾ
പരിശുദ്ധ ഫ്രാന്‍സീസ് പാപ്പായുടെ, 8.4.2016-ല്‍ പ്രസിദ്ധീകരിച്ച, സ്നേഹത്തിന്‍റെ സന്തോഷം എന്ന അപ്പസ്തോലികപ്രബോധനത്തെ അവതരിപ്പിച്ചുകൊണ്ട് മാര്‍ ജോസഫ് കല്ലറങ്ങാട്ട് എഴുതി: “പാപ്പായുടെ ജീവിതത്തിലും പ്രസംഗത്തിലും നിറഞ്ഞുനില്‍ക്കുന്ന ഒരു പദമാണ് സന്തോഷം” (ദീപിക 17.4.16). പാപ്പാ ആരംഭിക്കുന്നത്, “കുടുംബങ്ങള്‍ അനുഭവിക്കുന്ന സന്തോഷം സഭയുടെയും കൂടി സന്തോഷമാണ് എന്ന് പ്രസ്താവിച്ചുകൊണ്ടാണ്”. “എല്ലാസ്നേഹത്തിന്‍റെയും ഉറവിടമായ ദൈവം മൂന്ന് വ്യക്തികളുടെ കൂട്ടായ്മയാണ്, ആ ദൈവത്തിന്‍റെ ഛായയാണ് കുടുംബത്തിനുള്ളത്” (ഖ.71); അതുകൊണ്ടാണ്, 128th സങ്കീ. പറയുന്ന “നിന്‍റെ ഭാര്യ ഭവനത്തില്‍ ഫലസമൃദ്ധമായ മുന്തിരിപോലെയായിരിക്കും. നിന്‍റെ മക്കള്‍ നിന്‍റെ മേശയ്ക്കുചുറ്റും ഒലിവുതൈകള്‍ പോലെയും” എന്ന മനോഹരചിത്രം പോലെ കുടുംബം “സ്നേഹത്തിന്‍റെ സന്തോഷം” അനുഭവിക്കുന്ന ഇടമായിരിക്കുന്നത് (ഖ.8). എങ്കിലും, പാപ്പാ നിരീക്ഷിക്കുന്നു, വി.ഗ്രന്ഥത്തില്‍ കാണുന്ന കുടുംബങ്ങളിലെല്ലാം ഈ സന്തോഷം നിറഞ്ഞുനില്‍ക്കുന്നില്ല. പാപ്പാ ഒന്നാം അദ്ധ്യായം ആരംഭിക്കുന്നത് ആദത്തിന്‍റെയും ഹവ്വയുടെയും കുടുംബത്തില്‍ കടന്നുകയറിയ, രക്തംചിന്തുന്ന തിന്മയുടെ സാന്നിദ്ധ്യത്തെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ്. സ്ത്രീയും പുരുഷനും തമ്മിലുള്ള ശുദ്ധമായ സ്നേഹത്തിന്‍റെ സന്തോഷംനിറഞ്ഞ ബന്ധത്തെ ആസക്തിയുടെയും അധീശത്തിന്‍റേതുമാക്കി മാറ്റിക്കൊണ്ട് (ഉല്‍പ.3:16) പാപം വഴി കടന്നുകയറിയ ഈ ഭാരപ്പെടുത്തുന്ന ഇരുളിമ (ഖ.19) തന്‍റെ സഹോദരന്‍റെ രക്തം കായേന്‍ ചിന്തുന്നതുമുതല്‍, രക്തച്ചൊരിച്ചിലിന്‍റേയും സഹനത്തിന്‍റേയും സാന്നിദ്ധ്യമായി വി.ഗ്രന്ഥത്തില്‍ അവസാനംവരെയും ഇഴപൊട്ടാതെ കാണപ്പെടുന്നു (ഖ.20).
പാപ്പായുടെ ഈ നിരീക്ഷണത്തെ 11.10.2016 -ല്‍ പാപ്പാ നടത്തിയ ഒരു പരാമര്‍ശനവുമായി ബന്ധിപ്പിച്ച് കാണേണ്ടതുണ്ട്: “വിശുദ്ധഗ്രന്ഥത്തില്‍, ആദ്യതാളുമുതല്‍ അവസാനം ദൈവരാജ്യത്തിന്‍റെ സമ്പൂര്‍ണ്ണവിജയത്തെപ്പറ്റി വെളിപ്പെടുത്തിന്നിടംവരെ സാത്താന്‍റെ സാന്നിദ്ധ്യം നമുക്ക് കാണാം” (പിശാചിന്‍റെ കെണികളെ എങ്ങനെ തകര്‍ക്കാം – How to Rout the Demon’s Strategy). ഈ പരാമര്‍ശനം മാദ്ധ്യമങ്ങളില്‍ വലിയ വിമര്‍ശനമുണ്ടാക്കി. വാഷിംഗ്ടന്‍ പോസ്റ്റ് എഴുതി: “ഒരു ആധുനിക പാപ്പാ പഴഞ്ചന്‍ കാര്യങ്ങള്‍ പഠിപ്പിക്കുന്നു! പക്ഷേ, പാപ്പാ ആവര്‍ത്തിച്ചു: ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പിശാച് പ്രവര്‍ത്തനനിരതനാണ്. അവനെതിരെ പൊരുതേണ്ടതെങ്ങനെയെന്ന് സുവിശേഷങ്ങളില്‍ നിന്ന് നാം പഠിക്കണം. കാരണം, പിശാച് ഏതെങ്കിലും ഒരു പഴങ്കഥയുടെ വിഷയമല്ല (സാത്താന്‍ ഉണ്ട്, Devil Exists 11.4.2014). സാത്താന്‍ ഈശോയെ വെറുക്കുന്നു, അതിനാല്‍ അവന്‍ നമ്മെയും വെറുക്കുന്നു (ക്രിസ്തുവിന് സാക്ഷ്യം വഹിക്കല്‍ Bearing Witness to Christ, 6.5.2014). സാന്ദര്‍ഭികമായി പരാമര്‍ശിച്ചുപോയ ഒരു വിഷയമായിരുന്നില്ല സാത്താന്‍, പരിശുദ്ധ പിതാവിന്. പരി.പിതാവ് മുന്നറിയിപ്പ് തരുന്നു, മൂന്ന് ഘട്ടങ്ങളിലായാണ് പിശാചിന്‍റെ കെണി പ്രവര്‍ത്തനനിരതമാകുന്നത്. ആദ്യം വളരെ ലോലമായ പ്രലോഭനം, ക്രമേണ അത് വളര്‍ന്ന് ശക്തമാകുന്നു. രണ്ടാമത്, അത് കൂടെയുള്ള മറ്റ് വ്യക്തികളിലേക്ക് ക്രമേണ വ്യാപിപ്പിക്കുന്നു. അവസാനം, അവരുടെ മനസ്സാക്ഷിയില്‍ ന്യായീകരണങ്ങളും നീതികരണങ്ങളും അവതരിപ്പിക്കുന്നു (Devil Exists). പാപ്പാ തുടരുന്നു, നല്ല തീക്ഷ്ണതയോടെ ആത്മീയജീവിതം ആരംഭിക്കുന്ന ഒരു വ്യക്തിയെ പിശാച് ശല്യപ്പെടുത്താറില്ല. കുറേനാള്‍ കഴിഞ്ഞ് ജാഗ്രത കുറയുമ്പോള്‍, അവന്‍ കെണിയുമായി എത്തും (How to Rout…). മാര്‍ കല്ലറങ്ങാട്ട് 5th അദ്ധ്യായത്തെപ്പറ്റി പരാമര്‍ശിക്കുന്നു, കുടുംബബന്ധങ്ങളുടെ ശൃംഖലയെ പാപ്പാ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. വിശുദ്ധഗ്രന്ഥത്തിലെ ആദ്യകുടുംബത്തില്‍ ബന്ധങ്ങളുടെ ശൃംഖല തകര്‍ന്നതെങ്ങനെ എന്നതിനെപ്പറ്റി പാപ്പാ എന്താണ് ചിന്തിക്കുന്നത് എന്ന് മുകളില്‍ പരാമര്‍ശിക്കപ്പെട്ട പ്രഭാതധ്യാനചിന്തകള്‍ വ്യക്തമാക്കുന്നുണ്ട്. പാപ്പായുടെ ചിന്തകളുടെ വെളിച്ചത്തില്‍ നമുക്ക് ഈ ആദ്യകുടുംബത്തിന്‍റെ അനുഭവത്തെ കുറേക്കൂടി അടുത്ത് നിരീക്ഷിക്കാം.
കായേന്‍ രക്തം ചൊരിയുന്നതിന് മുമ്പ് ദൈവം അവന് മുന്നറിയിപ്പ് കൊടുക്കുന്നു, പാപം വാതില്‍ക്കല്‍തന്നെ പതിയിരുപ്പുണ്ടെന്ന് ഓര്‍ക്കണം (ഉല്പ.4:7). വാതില്‍ക്കല്‍ പതിയിരിക്കുന്ന പാപം എന്നത് തൊട്ടുമുമ്പിലത്തെ അദ്ധ്യായത്തിലെ, വൃക്ഷത്തില്‍ പതിയിരുന്ന സര്‍പ്പത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സൂക്ഷിച്ചില്ലെങ്കില്‍ അവന്‍ നിന്‍റെ കുതികാലില്‍ പരിക്കേല്പിക്കും (ഉല്പ.3:15) എന്നുതന്നെയാണ് അര്‍ത്ഥം. സര്‍പ്പത്തിന്‍റെ കെണി തിരിച്ചറിയാതിരുന്ന ആദ്യദമ്പതികള്‍ കര്‍ത്താവ് തോട്ടത്തില്‍ ഉലാത്തുന്നതിന്‍റെ ശബ്ദം കേട്ടപ്പോള്‍ മരങ്ങള്‍ക്കിടയിലൊളിച്ചതുപോലെ (ഉല്പ.3:8-13), കായേനും പാപത്തിന് ശേഷം കര്‍ത്താവിന്‍റെ സന്നിധിവിട്ട് പോകുന്നു (ഉല്പ.4:9-16). സര്‍പ്പത്തിന്‍റെ കെണിയില്‍പെടുക വഴി ബന്ധത്തിന്‍റെ ശൃംഖലകള്‍ തകരുന്ന ഈ ആദ്യകുടുംബത്തെ ചൂണ്ടിക്കാണിച്ചിട്ട്, വി.ഗ്രന്ഥത്തിലുടനീളം ഈ തകര്‍ച്ചയുടെ തുടര്‍ചിത്രങ്ങള്‍ കാണാം എന്ന് പരാമര്‍ശിക്കുന്ന പാപ്പാ, വി.ഗ്രന്ഥത്തിലെ സംഭവങ്ങളില്‍ മാത്രമല്ല, ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പിശാച് പ്രവര്‍ത്തനനിരതനാണ് എന്ന് പറയുമ്പോള്‍, അതൊരു വലിയ മുന്നറിയിപ്പായി നാം കൂട്ടിവായിക്കേണ്ടതുണ്ട്.
പാപ്പാ പറയുന്നു: സമകാലീനസംസ്കാരത്തിന്‍റെ വലിയ ദാരിദ്ര്യത്തിന്‍റെ ഒരു ലക്ഷണം, വ്യക്തിജീവിതങ്ങളില്‍ ദൈവസാന്നിദ്ധ്യമില്ലാത്തതിന്‍റെ ഫലമായും വ്യക്തിബന്ധങ്ങളിലെ തകര്‍ച്ചമൂലവും അനുഭവപ്പെടുന്ന ഏകാന്തതയാണ് (ഖ.43). ഈ ഒറ്റപ്പെടലും ഏകാന്തതയും ഒരു നരകരാജ്യാനുഭവമാണ് എന്ന് വി.ഗ്രന്ഥം സാക്ഷിക്കുന്നു. മാര്‍ കല്ലറങ്ങാട്ട് തന്‍റെ ലേഖനത്തില്‍ എഴുതുന്നു, വിവാഹബന്ധം വേര്‍പിരിയല്‍ പൈശാചികമാണ്. പിശാചിന്‍റെ അടിസ്ഥാനപരമായ പ്രവര്‍ത്തനശൈലിയാണ് ഭിന്നിപ്പിക്കുക എന്നത്. ഇംഗ്ലീഷില്‍ പിശാചിനെ പരാമര്‍ശിക്കുന്ന മൂന്ന് സാങ്കേതിക പദങ്ങള്‍ ഉണ്ട് (demon, devil, satan); അവ മൂന്നിന്‍റെയും ഗ്രീക്ക്/ഹീബ്രൂ മൂലാര്‍ത്ഥം ഭിന്നിപ്പിക്കുക, വേര്‍തിരിക്കുക, എന്നിങ്ങനെയാണ് എന്നതും ശ്രദ്ധേയമാണ്. ഭിന്നിപ്പിച്ച് നശിപ്പിക്കുന്നതിനുവേണ്ടിയാണ് അവന്‍ നുണ പറയുന്നത് (യോഹ.8:44).
ബന്ധത്തിന്‍റെ ശൃംഖലകള്‍ തകര്‍ന്ന്, സന്തോഷം നഷ്ടപ്പെട്ട്, ഏകാന്തതയുടെ ഭാരം പേറുന്നിടത്ത് ദൈവരാജ്യത്തിന്‍റെ കൂട്ടായ്മാനുഭവം പുന:സ്ഥാപിക്കുക ഈശോയുടെ ശുശ്രൂഷകളില്‍ പ്രധാനപ്പെട്ടതായിരുന്നു എന്നുപാപ്പാ ചൂണ്ടിക്കാണിക്കുന്നു (ഖ.21). പിശാചിന്‍റെ ഇടപെടല്‍ ഉണ്ടാകുന്നതിന്‍റെ വ്യക്തമായൊരു അടയാളമാണ് ബന്ധങ്ങളിലെ അകല്‍ച്ചയും തകര്‍ച്ചയും. ഗെരസേനരുടെ നാട്ടിലെ പിശാചുബാധിതനെപ്പറ്റി പറഞ്ഞിരിക്കുന്നത് വീട്ടിലല്ല, ശവക്കല്ലറകളിലാണ് അവന്‍ കഴിഞ്ഞുകൂടിയിരുന്നത് (ലൂക്കാ 8:27) എന്നാണല്ലോ. അവന് വീടുണ്ട്, പക്ഷേ അവന് വീട്ടില്‍ കഴിയുവാന്‍ സാധിക്കുന്നില്ല. പിശാചില്‍ നിന്നും മോചിതനായപ്പോള്‍ ഈശോയുടെ പാദാന്തികത്തില്‍ ചേര്‍ന്നിരിക്കുന്നതിന്‍റെ സ്വര്‍ഗ്ഗീയമാധുര്യം അവന് അനുഭവവേദ്യമായി (മര്‍ക്കോ.5:15). എന്നാല്‍, തന്‍റെ കൂടെപ്പോരുവാന്‍ വലിയ ആഗ്രഹത്തോടെ അനുവാദം ചോദിച്ചിട്ടും, ഈശോ അവനെ പറഞ്ഞയക്കുന്നത് അവന്‍റെ വീട്ടിലേക്കാണ്: നീ വീട്ടില്‍ സ്വന്തക്കാരുടെ അടുത്തേക്ക് പോവുക (മര്‍ക്കോ.5:19). വിഛേദിക്കപ്പെട്ടുപോയ കുടുംബബന്ധങ്ങളുടെ ശൃംഖലയിലേക്കാണ് ഈശോ അവനെ ആദ്യമേ വിളക്കിച്ചേര്‍ക്കുന്നത്. വീട്ടില്‍ ചേര്‍ന്നുനില്‍ക്കുവാന്‍ സാധിക്കാത്ത വ്യക്തിക്ക് ഈശോയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാനാവില്ലതന്നെ. അവനെ ആദ്യം വീട്ടിലേയ്ക്കയക്കുക വഴി, നാളുകളായി ആ കുടുംബത്തില്‍ അണഞ്ഞുപോയിരുന്ന സ്നേഹത്തിന്‍റെ സന്തോഷം ഈശോ വീണ്ടും തെളിക്കുന്നു.
സ്നേഹത്തിന്‍റെ കൂട്ടായ്മയിലാണ് സന്തോഷം. സ്വര്‍ഗ്ഗം പ്രഥമത: മൂന്നു ദൈവികവ്യക്തികളുടെ കൂട്ടായമയാണ്. അതുകൊണ്ടാണ് പാപ്പാ എഴുതുന്നത്: യഥാര്‍ത്ഥ സ്നേഹത്തിന്‍റെ ഉറവിടമായ പരിശുദ്ധ ത്രിത്വൈകദൈവരഹസ്യത്തിന്‍റെ സാദൃശ്യത്തിലേക്കും ഛായയിലേക്കുമാണ് ഈശോയില്‍ ചേര്‍ക്കപ്പെടുന്ന കുടുംബങ്ങള്‍ പുന:സ്ഥാപിക്കപ്പെടുന്നത് (ഖ.71). ഈ ദൈവികസ്നേഹത്തില്‍ നിന്നും ഒഴുകിയിറങ്ങുന്ന സന്തോഷം ഈശോ തന്‍റെ പരസ്യജീവിതാരംഭം മുതല്‍ പ്രഘോഷിച്ച ദൈവരാജ്യത്തിന്‍റെ (മര്‍ക്കോ.1:15) സന്തോഷമാണ്. കുടുംബങ്ങളിലും സഭയിലും ഈ സ്നേഹത്തിന്‍റെ സന്തോഷം വളരുമ്പോഴാണ് ദൈവരാജ്യം അനുഭവസ്ഥമാകുക. അതിന്, ഗൂഢമായും ശക്തമായും വ്യാപകമായും പ്രവര്‍ത്തനനിരതമായിരിക്കുന്ന സാത്താന്‍റെ കരങ്ങളെ ദൈവമക്കളില്‍ നിന്നും വിടുവിക്കേണ്ടതുണ്ട്. ബന്ധങ്ങളുടെ തകര്‍ച്ച അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുവാനുള്ള പരിശ്രമങ്ങളില്‍ അജപാലകര്‍ വളരെ ജാഗ്രതയോടെ സാഹചര്യങ്ങളെ വിവേചിക്കേണ്ടതുണ്ട് (ഖ.298) എന്ന് പാപ്പാ അനുശാസിക്കുമ്പോള്‍ ഇക്കാര്യങ്ങളും പരിഗണിക്കപ്പെടേണ്ടതുണ്ട് എന്നതില്‍ തര്‍ക്കമില്ല.
പരിശുദ്ധപിതാവ് വീണ്ടും വ്യക്തമാക്കുന്നു, യുദ്ധമുന്നണിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ആശുപത്രിയുടെ ദൗത്യമാണ് സഭയുടേത് (ഖ.291). നിതാന്തജാഗ്രതയോടെ, എല്ലാവിധ ആയുധങ്ങളും എടുത്തുപയോഗിച്ചാല്‍ മാത്രം ചെറുത്തുനില്‍ക്കുവാനും പിടിച്ചുനില്‍ക്കുവാനും സാധിക്കുന്ന ആത്മീയപോരാട്ടത്തെപ്പറ്റി എഫേ.6:10-17-ല്‍ പഠിപ്പിക്കുന്നതിന്‍റെ പശ്ചാത്തലത്തിലല്ലാതെ ഈ പ്രബോധനം വചനാധിഷ്ഠിതമായി മനസ്സിലാക്കാനാവില്ല. സഭയിലെ ഓരോ ഇടവകയും ഒരു ആശുപത്രിയുടെ ദൗത്യമാണ് വഹിക്കുന്നതെങ്കില്‍, സഭയിലെ ധ്യാനകേന്ദ്രങ്ങള്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളാണ്. പൈശാചികമായ ഇടപെടലുകള്‍ വിട്ടുപോകുവാന്‍ വചനവെളിച്ചത്തിലൂടെ വിടുതല്‍ പ്രാപിക്കുന്നതിനൊപ്പം (യോഹ.8:32), പിശാചിനെ ശാസിക്കേണ്ടതുമുണ്ട്. ശാസിച്ചുകൊണ്ടാണല്ലോ ഈശോ പിശാചിനെ ബഹിഷ്ക്കരിച്ചിരുന്നത്. കുര്‍ബ്ബാനസമയത്ത് പള്ളിമുറ്റത്ത് ഓടിക്കളിച്ച ബഹളമുണ്ടാക്കുന്ന കുട്ടികളോട് കളിനിര്‍ത്തി പള്ളിയില്‍ കയറാന്‍ അധികാരപ്പെട്ട ആരെങ്കിലും പറയുന്നതുവരെ അവരുടെ ശല്യം തുടര്‍ന്നുകൊണ്ടിരിക്കുന്നതുപോലെ, പൈശാചികാരൂപികളോടും യേശുവിന്‍റെ നാമത്തില്‍ വിട്ടുപോകുവാന്‍ അധികാരപൂര്‍വ്വം ആവശ്യപ്പെടേണ്ടതുണ്ട്.
മേല്‍പ്പറഞ്ഞ ഉള്‍ക്കാഴ്ചകളോടെ, പാലാ രൂപതയുടെ വാഗമണ്‍ സെന്‍റ് സെബാസ്റ്റ്യന്‍ ഇടവകദൈവാലയത്തോടനുബന്ധിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ള മൗണ്ട് നെബോ ധ്യാനകേന്ദ്രത്തില്‍ എല്ലാ രണ്ടാം ശനിയാഴ്ചകളിലും ദൈവരാജ്യാനുഭവശുശ്രൂഷ നടത്തപ്പെടുന്നുണ്ട്. രാവിലെ എട്ടര മുതല്‍ പത്തുമണിവരെ കുമ്പസ്സാരിച്ച് ഒരുങ്ങുവാനുള്ള സൗകര്യം ഉണ്ട്. പത്തുമണിമുതല്‍ ഉച്ചകഴിഞ്ഞ് രണ്ടരവരെ സമര്‍പ്പണശുശ്രൂഷ, വചനപ്രഘോഷണം, വി.കുര്‍ബ്ബാന, ആരാധന എന്നിവയോടുകൂടിയ വിടുതല്‍ശുശ്രൂഷയിലൂടെയാണ് ദൈവരാജ്യാനുഭവത്തിലേക്ക് കടന്നുവരുവാന്‍ അവസരമൊരുക്കുന്നത്. സമയത്തിന് വന്ന് കുമ്പസ്സാരിച്ചൊരുങ്ങുവാന്‍ പറ്റാത്തവര്‍ നേരത്തെ കുമ്പസ്സാരിച്ചൊരുങ്ങി വരിക. പത്തുമുതല്‍ രണ്ടരവരെ ഇടവേളയില്ലാതെയാണ് ശുശ്രൂഷ നടത്തപ്പെടുന്നത്; അത് ആദ്യവസാനം പങ്കെടുക്കാനും ശ്രദ്ധിക്കേണ്ടതാണ്.
ആഴമായ ദൈവരാജ്യാനുഭവത്തിലേക്ക് കടന്നുവരുവാനാഗ്രഹിക്കുന്നവര്‍ക്കായി ദൈവരാജ്യാനുഭവധ്യാനങ്ങള്‍ നടത്തപ്പെടുന്നു. നരകരാജ്യത്തിന്‍റെ കെണികളില്‍ നിന്ന് വിടുതല്‍ പ്രാപിച്ച്, പരിശുദ്ധ ഫ്രാന്‍സീസ് പാപ്പാ തന്‍റെ അപ്പസ്തോലികപ്രബോധനത്തില്‍ സവിസ്തരം ഊന്നിപ്പറഞ്ഞിരിക്കുന്ന സ്നേഹത്തിന്‍റെ സന്തോഷത്തിലേക്ക്, ഉയര്‍ന്നുവരുവാനായി ഉദ്ദേശിച്ചുള്ള ആഴമാര്‍ന്നൊരു ശുശ്രൂഷയാണത്. നിങ്ങള്‍ ആദ്യമായി ദൈവത്തിന്‍റെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക, അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്ക് ലഭിക്കും (മത്താ.6:33) എന്ന തിരുവചനം സ്വജീവിതത്തില്‍ അന്വര്‍ത്ഥമാകാനാഗ്രഹിക്കുന്നവര്‍ പ്രാര്‍ത്ഥനാപൂര്‍വ്വം കടന്നുവരുക. ചോദിക്കുന്ന ഏവനും ലഭിക്കുന്നു, അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു, മുട്ടുന്നവന് തുറന്നുകിട്ടുകയും ചെയ്യുന്നു (ലൂക്കാ 11:10) എന്ന തിരുവചനം നിറവേറുവാന്‍ നല്ല ദൈവം ഇടവരുത്തട്ടെ.