Skip to content

ദൈവരാജ്യ ശുശ്രൂഷകൾ

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിജയകരമായി പൂര്‍ത്തിയാക്കിക്കൊണ്ട് തിരുസ്സഭയെ സമൂലമായ നവീകരണത്തിലേക്ക് നയിച്ച പോള്‍ ആറാമന്‍ പാപ്പായെ പരിശുദ്ധ ഫ്രാന്‍സീസ് പാപ്പാ ഇക്കഴിഞ്ഞ ഒക്ടോബര്‍ പതിനാലാം തിയതി വിശുദ്ധനായി പ്രഖ്യാപിച്ചത് അദ്ദേഹത്തെ അടുത്തറിയാവുന്നവര്‍ക്കെല്ലാം വലിയ ആനന്ദമുളവാക്കിയ കാര്യമാണ്. വിശുദ്ധനുമായി ദീര്‍ഘകാല പരിചയമുണ്ടായിരുന്ന മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ ദീപനാളത്തില്‍ എഴുതി, സഭയ്ക്കുവേണ്ടി സഹിച്ച ഒരു മനുഷ്യനാണ് അദ്ദേഹം എന്ന്. മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഒക്ടോബര്‍ പതിനാലാം തിയതിയിലെ സണ്‍ഡേദീപികയില്‍ അതിമാനുഷനായ പോള്‍ ആറാമന്‍ സ്വര്‍ഗ്ഗീയവെളിച്ചത്തില്‍ എന്ന തലക്കെട്ടോടുകൂടി എഴുതിയ ലേഖനത്തില്‍ വിശുദ്ധനെ രക്തസാക്ഷിത്വത്തിന്‍റെ പാപ്പാ എന്ന് പരാമര്‍ശിച്ചുകൊണ്ട്, പൗലോസ് മാര്‍പ്പാപ്പായ്ക്ക് 1964 (രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പുനരാരംഭിച്ച വര്‍ഷം) ഒരു അത്ഭുതവര്‍ഷം (Annus Mirabilis) ആയിരുന്നുവെങ്കില്‍ 1968 മുതല്‍ ദുരിതങ്ങളുടെ ഭീകര വര്‍ഷങ്ങള്‍ (Annus Horibilis) ആയിരുന്നുവെന്ന് പറഞ്ഞിരിക്കുന്നു. 1972 ജൂണ്‍ 29 – ാം തിയതി വി. പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാളിലെ സന്ദേശത്തിന്‍റെ അവസാനം, ഈ ഭീകര അനുഭവങ്ങളെ മനസ്സില്‍ കണ്ടുകൊണ്ട് വി. പോള്‍ ആറാമന്‍ പാപ്പാ പ്രസ്താവിച്ചു, ഏതോ വിള്ളലിലൂടെ സാത്താന്‍റെ പുക ദൈവത്തിന്‍റെ ആലയത്തിലേക്ക് കടന്നു വരുന്നു. തിരുസ്സഭമുഴുവനിലും അതിന്‍റെ അസ്വസ്ഥത വ്യാപിച്ചിരിക്കുന്നു. അദ്ദേഹം തുടര്‍ന്നു, വത്തിക്കാന്‍ കൗണ്‍സിലിനെ തുടര്‍ന്ന് നാമെല്ലാവരും സഭയില്‍ പ്രതീക്ഷിച്ചത് നല്ല പ്രകാശമാനമായ ഒരു കാലഘട്ടമാണ്. എന്നാല്‍ സംജാതമായത് ഇരുണ്ട്മൂടിയ, പ്രക്ഷുബ്ധമായ, അന്ധകാരത്തിന്‍റെ അവലക്ഷണം പിടിച്ച അന്തരീക്ഷം! പാപ്പായുടെ ഈ പരാമര്‍ശം മാദ്ധ്യമലോകത്ത് വലിയ ഇടര്‍ച്ചതന്നെ ഉളവാക്കി. എന്നാല്‍ അഞ്ച് മാസങ്ങള്‍ക്ക് ശേഷം, 1972 നവംബര്‍ 15ന്, പ്രസ്തുത വിഷയത്തെക്കുറിച്ച് പാപ്പാ ആഴമായൊരു പ്രബോധനം നടത്തി. അത് ഇപ്രകാരം ചോദിച്ചുകൊണ്ടാണ് പാപ്പാ ആരംഭിച്ചത്: ഇന്നത്തെ സഭയുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം എന്താണ്? എന്‍റെ ഉത്തരം കേട്ടിട്ട് ഇത് ഭോഷത്തമെന്നോ അല്ലെങ്കില്‍ അന്ധവിശ്വാസപരമെന്നോ മിഥ്യാസങ്കല്‍പമെന്നോ നിങ്ങള്‍ കരുതേണ്ടതില്ല. സാത്താന്‍ എന്ന് വിളിക്കപ്പെടുന്ന തിന്മയ്ക്കെതിരായ പോരാട്ടമാണ് പ്രസ്തുത ആവശ്യം. ദൈവത്തിന്‍റെ മനോഹര സൃഷ്ടിയാണ് ഈ പ്രപഞ്ചം. വളരെ നന്നായിരിക്കുന്നുവെന്നാണ് തന്‍റെ സൃഷ്ടിയെപ്പെറ്റി നല്ല ദൈവം അരുളിച്ചെയ്തത്. അതിനാല്‍തന്നെ ഈ പ്രപഞ്ചത്തെക്കുറിച്ചും മനുഷ്യജീവിതത്തെക്കുറിച്ചുമുള്ള ക്രൈസ്തവകാഴ്ചപ്പാടും വളരെ പ്രത്യാശാനിര്‍ഭരമാണ്. എന്നാല്‍ അതുകൊണ്ട് മാത്രം ക്രൈസ്തവകാഴ്ചപ്പാട് മുഴുവനാകുന്നില്ല. എന്തുമാത്രം തിന്മയാണ് ഈ ലോകത്തില്‍! ഏതെങ്കിലും നന്മയുടെ അഭാവം മൂലമുള്ള തിന്മകളെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. മറിച്ച് തിന്മതന്നെയായ, സാത്താന്‍ എന്ന് വിളിക്കപ്പെടുന്ന, വ്യക്തിയെക്കുറിച്ചാണ്. സാത്താന്‍ എന്നത് വഴിതെറ്റിയ, വഴിതെറ്റിക്കുന്ന, അരൂപിയായ ഒരു വ്യക്തിതന്നെയാണ്. ഇത് ഭയജനകവും ഭീകരവും ഗൂഢവുമായ ഒരു യാഥാര്‍ത്ഥ്യമാണ്ٹ. ഈ യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കാന്‍ വിസമ്മതിച്ചുകൊണ്ട് സാത്താനെ വെറുമൊരു ശക്തിമാത്രമോ, ഒരു പുരാണസാങ്കല്പികകഥാപാത്രം മാത്രമോ ആയി കണക്കാക്കുന്ന ഏതൊരാളും വിശുദ്ധഗ്രന്ഥാധിഷ്ടിതവും സഭാത്മകവുമായ വിശ്വാസപ്രബോധനങ്ങളില്‍ നിന്നുതന്നെ വ്യതിചലിക്കുകയാണ്. വിശുദ്ധഗ്രന്ഥത്തിന്‍റെ താളുകള്‍ അദ്യവസാനം സാത്താനെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഞാനീ പറയുന്നത് എന്‍റെ എന്തെങ്കിലും ഊഹാപോഹങ്ങളല്ല. നിങ്ങളെ ഞാന്‍ അന്ധവിശ്വാസങ്ങളുടെ ലോകത്തിലേക്ക് കൊണ്ടുപോവുകയുമല്ല. ഞാന്‍ തെളിച്ച് പറയുന്നു, സാത്താന്‍ ഉണ്ട്. നമുക്ക് ഈ ലോകത്തെക്കുറിച്ചും, നമ്മുടെ ജീവിതത്തെക്കുറിച്ചും, രക്ഷയെക്കുറിച്ചും ശരിയായ ക്രൈസ്തവ കാഴ്ചപ്പാട് ഉണ്ടായേ തീരൂٹ. ജനിക്കുന്ന ഓരോ ശിശുവും ദൈവകരങ്ങളിലേക്ക് എന്നതിനേക്കാള്‍ സാത്താന്‍റെ കരങ്ങളിലേക്ക് എന്നതാണ് സത്യം. മാമ്മോദീസയിലൂടെയാണ് ദൈവം അവനെ അല്ലെങ്കില്‍ അവളെ സാത്താന്‍റെ അടിമത്തത്തില്‍ നിന്നും മോചിപ്പിച്ച് ദൈവമകനും മകളും ആക്കുന്നത്. അതുകൊണ്ട് സാത്താനാണ് നമ്മുടെ ഏറ്റവും വലിയ ശത്രു! (Cf. Pope Paul VI, Deliver Us from Evil, General Audience, Wednesday, 15 November 1972, http://w2.vatican.va/content/paul-vi/it/audiences/1972/documents/hf_p-vi_aud_19721115.html) വി. പോള്‍ ആറാമന്‍ പാപ്പാ താന്‍ അനുഭവിച്ച ഭീകര ദുരിതങ്ങളുടെ നാളുകളില്‍ തിരിച്ചറിഞ്ഞ യാഥാര്‍ത്ഥ്യം മറകൂടാതെ പങ്കുവച്ചതാണ് നാം മുകളില്‍ ശ്രദ്ധിച്ചത്. നാം കരുതുന്നതിലധികമായി പൈശാചിക സ്വാധീനങ്ങളും ഇടപെടലുകളും നമ്മുടെ ജീവിതത്തെയും നാനാവിധത്തില്‍ ദുരിതങ്ങളുടേതാക്കുന്നുണ്ട് എന്ന് നാമും തിരിച്ചറിയേണ്ടിയിരക്കക്കുന്നു. 2014 ഏപ്രില്‍ 11-ാം തിയതി ഫ്രാന്‍സീസ് പാപ്പാ പറഞ്ഞു, പിശാച് ഒരു പഴങ്കഥയല്ല, ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പിശാചിന്‍റെ കെണികള്‍ക്കെതിരെ നാം വളരെ ജാഗ്രതയായിരിക്കണം എന്ന്. വിത്തുവിതയ്ക്കുമ്പോള്‍തന്നെ കൊത്തിക്കൊണ്ട് പോകുവാന്‍ തക്കം പാര്‍ക്കുന്ന പക്ഷിയായും (ലൂക്കാ 8:12), നല്ലഗോതമ്പുകള്‍ക്കിടയില്‍ കളകള്‍ വിതയ്ക്കുന്ന ശത്രുവായും (മത്താ 13:39), ആരെ വിഴുങ്ങണമെന്ന് നോക്കി ചുറ്റി നടക്കുന്ന അലറുന്ന സിംഹമായും (1 പത്രോ 5:8) മറ്റും തിരുവചനം സാത്താനെപ്പറ്റി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് അവഗണിക്കുന്നത് ആര്‍ക്കും ഭൂഷണമല്ല എന്ന് മാത്രമല്ല അപകടകരവുമാണ്. നരകരാജ്യത്തിന്‍റെ നുഴഞ്ഞുകയറ്റങ്ങളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുകയാണ് സഭയുടെ ഈ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം എന്ന് ചൂണ്ടിക്കാണിച്ച വി. പോള്‍ ആറാമന്‍ പാപ്പായുടെ ഹൃദയനൊമ്പരം ഒപ്പിയെടുത്തുകൊണ്ടും അദ്ദേഹം നല്‍കിയ മുന്നറിയിപ്പിനെ ഗൗരവത്തിലെടുത്തുകൊണ്ടും പാലാ രൂപതയുടെ വാഗമണ്‍ മൗണ്ട് നെബോ ധ്യാനകേന്ദ്രത്തിന്‍ രൂപതാ ഇവാഞ്ചലൈസേഷന്‍ മിനിസ്ട്രിയുടെ ഭാഗമായി ഒരുക്കപ്പെട്ടിരിക്കുന്ന ദൈവരാജ്യാനുഭവശുശ്രൂഷകളില്‍ സംബന്ധിക്കുവാന്‍ ദൈവരാജ്യം പ്രഘോഷിച്ച ഈശോയുടെ നാമത്തില്‍ സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.